top of page

Goal 10: Reduced inequality

ലക്ഷ്യം 10

അസമത്വം കുറയ്ക്കുക

അസമത്വം കുറയ്ക്കുക

ലക്ഷ്യം10 ​:രാജ്യങ്ങളുടെ ഇടയിലും രാജ്യങ്ങൾക്കുള്ളിലും അസമത്വം കുറയ്ക്കുക


അസമത്വങ്ങൾ കുറയ്ക്കുകയും ആരും പിന്നിലായി പോകുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒഴിച്ചു കൂടാനാകാത്ത ഒരു കാര്യമാണ്.

രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും നിലനിൽക്കുന്ന അസമത്വങ്ങൾ ആശങ്കാജനകമാണ്.


വരുമാനത്തിലുള്ള അസമത്വങ്ങൾ കുറയ്ക്കുന്നതിലും വ്യാപാര-വ്യവഹാരങ്ങൾ കുറഞ്ഞ വരുമാനമുള്ളവർക്ക് കൂടി ഗുണകരമാക്കുന്നതിലും ചെറിയ പുരോഗതികൾ ചില രാജ്യങ്ങളിലെങ്കിലും കാണാമെങ്കിലും പല മേഖലകളിലും അസമത്വം ഒരു യാഥാർഥ്യം തന്നെയാണ്.


സമൂഹത്തിലെ അസമത്വങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ കോവിഡ് കാരണമായി. മഹാമാരിയുടെ വെളിച്ചത്തിൽ, ഒരു പ്രതിസന്ധിയുണ്ടാകുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുക ദുരബലരായ ജനവിഭാഗങ്ങളെയാണെന്ന് നാം കണ്ടു. അത് വിരൽ ചൂണ്ടുന്നത്, നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വങ്ങളിലേക്കും സാമൂഹിക സുരക്ഷയുടെ അപര്യാപ്തതയിലേക്കുമാണ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അസമത്വങ്ങൾ കോവിഡിന്റെ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിച്ചു.


സാമ്പത്തിക മേഖലയുടെ കാര്യമെടുത്താൽ, കോവിഡ് മഹാമാരി ആഗോള തലത്തിൽ തൊഴിലില്ലായ്മയ വളരെ അധികം വർദ്ധിപ്പിക്കുകയും തൊഴിലാളികളുടെ വരുമാനം ഗണ്യമായി കുറയ്ക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ലിംഗസമത്വത്തിലും സ്ത്രീ ശാക്തീകരണത്തിലും നാം കൈവരിച്ച പരിമിതമായ പുരോഗതിക്കും കോവിഡ് മൂലമുണ്ടായ സാഹചര്യം ഭീഷണിയാണ്.


എല്ലാ മേഖലകളിലും ആരോഗ്യം മുതൽ സമ്പദ്‌വ്യവസ്ഥ വരെ, സുരക്ഷ മുതൽ സാമൂഹിക സംരക്ഷണം വരെ, സ്ത്രീകളും പെൺകുട്ടികളും പുരുഷന്മാരേക്കാൾ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അപര്യാപ്‌തമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലും, മാനുഷിക പ്രതിസന്ധികൾ നേരിടുന്ന രാജ്യങ്ങളിലും ദുർബലരായ ജനങ്ങൾ വർധിച്ച തോതിൽ അസമത്വങ്ങൾ നേരിടുന്നുണ്ട്.


അഭയാർത്ഥികളും കുടിയേറ്റക്കാരും, തദ്ദേശീയരും, പ്രായമായവരും, അംഗ വൈകല്യമുള്ളവരും, കുട്ടികളും, മാറ്റി നിർത്തപ്പെടുന്നതിന്റെ വക്കിലാണ്. ദുർബല വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗനങ്ങളും സമകാലിക സാഹചര്യത്തിൽ വർധിച്ചു വരുന്നുണ്ട്.


അസമത്വം കുറയ്ക്കുക എത്രമാത്രം പ്രധാന്യമർഹിക്കുന്നു
What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)


രാജ്യങ്ങളുടെ ഇടയിലും രാജ്യങ്ങൾക്കുള്ളിലും അസമത്വം കുറയ്ക്കുക


Why? (എന്തിനു വേണ്ടി?)


വരുമാനം, ലിംഗഭേദം, പ്രായം, വൈകല്യം, ലൈംഗിക ആഭിമുഖ്യം,

വർഗം, വംശം, മതം, അവസരം എന്നിവ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങൾ ലോകമെമ്പാടും നിലനിൽക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹിക സാമ്പത്തിക വികസനത്തിന് അസമത്വം ഭീഷണിയാണ്. മാത്രമല്ല, അത് ദാരിദ്ര്യ നിർമ്മാർജ്ജനത്തെ ദോഷകരമായി ബാധിക്കുകയും ആളുകളുടെ സംതൃപ്തിയും ആത്മാഭിമാനവും ഇല്ലാതാക്കുകയും ചെയ്യുന്നു. അപ്പോൾ കുറ്റകൃത്യങ്ങൾ, രോഗങ്ങൾ പരിസ്ഥിതി നശീകരണം എന്നിവ വ്യാപകമാവാൻ ഇടവരുത്തും.


മെച്ചപ്പെട്ട ഒരു ജീവിതം എല്ലാവർക്കും ലഭിക്കുന്നില്ലെങ്കിൽ സുസ്ഥിര വികസനം കൈവരിക്കാനോ എല്ലാ മനുഷ്യർക്കും വേണ്ടി ഒരു നവ ലോകം നിർമ്മിക്കുവാനോ സാധിക്കുകയില്ല.


ആഗോള ജനസംഖ്യയുടെ 70 ശതമാനത്തിൽ കൂടുതൽ ആളുകൾകിടയിലും പല വിധ അസമത്വങ്ങൾ വർധിക്കുകയാണ്. സാമൂഹിക സാമ്പത്തിക പുരോഗമനത്തിൽ തടസ്സമുണ്ടാക്കുകയും, വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നതിന് അത് കാരണമാകും.

കൂടാതെ, വലിയ വിവേചനങ്ങൾ അനുഭവിക്കുന്ന ദുർബലരായ ജന വിഭാഗങ്ങളെയാണ് കോവിഡിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.


What are some examples of inequality? (അസമത്വത്തിന്റെ ചില ഉദാഹരണങ്ങൾ എന്തൊക്കെയാണ്?)


ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം ചികിത്സയും പ്രതിരോധ മാർഗങ്ങളും കിട്ടാതെ അഞ്ചാംപനി, ക്ഷയ രോഗം അല്ലെങ്കിൽ ചെറുപ്പത്തിൽ ഉണ്ടാകുന്ന മറ്റു രോഗങ്ങൾ എന്നിവ കാരണം ഓരോ ദിവസവും അനേകം  സ്ത്രീകളും കുട്ടികളും മരിക്കുന്നുണ്ട്.


പ്രായമായവരും കുടിയേറ്റക്കാരും അഭയാർത്ഥികളും ഒരുപാട് വിവേചനങ്ങൾ നേരിടുന്നു എന്നത് എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഒരു വിഷയമാണ്.

അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ നിരോധിച്ച ഏതെങ്കിലും ഒരു തരത്തിലുള്ള വിവേചനത്തിന് അഞ്ചിൽ ഒരാൾ ഇരയാകുന്നു എന്ന് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. 


ഏതെങ്കിലും തരത്തിലുള്ള വൈകല്യമുള്ളവരിൽ പത്തിൽ മൂന്ന് പേർ വിവേചനം നേരിടുന്നുണ്ട്. അവരിൽ തന്നെ വൈകല്യങ്ങളുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതൽ വിവേചനങ്ങൾ നേരിടുന്നത്. വൈകല്യമുള്ള സ്ത്രീകളിൽ, ജാതി-മത വർഗ്ഗ ഭേദങ്ങൾ കൂടുതൽ വിവേചനത്തിന് ഇടയാക്കുന്നു. പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന വിവേചനത്തിന്റെ പല രൂപങ്ങൾ ഇല്ലാതെയാക്കാൻ നടപടികൾ സ്വീകരിക്കേണ്ടതായുണ്ട്. 


How do we tackle discrimination? (എങ്ങനെ നമുക്ക് വിവേചനങ്ങളെ നേരിടാം?)


നമ്മുടെ വിരൽത്തുമ്പിലാണ് ഇന്ന് ലോകം, പരസ്പരബന്ധം ആ ലോകത്തിന്റെ പ്രത്യേകതയാണ്. ദാരിദ്ര്യം, കാലാവസ്ഥാവ്യതിയാനം, കുടിയേറ്റം, സാമ്പത്തിക പ്രതിസന്ധികൾ, തുടങ്ങിയ പ്രശ്നങ്ങളും വെല്ലുവിളികളും ഒരിക്കലും ഒരു രാജ്യത്തിനുള്ളിലോ സമൂഹത്തിനുള്ളിലോ മാത്രമൊതുങ്ങുന്നതുമല്ല.


സമ്പന്ന രാജ്യങ്ങളിൽ പോലും ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന സമൂഹങ്ങളുണ്ട്. ഏറ്റവും പഴയ ജനാധിപത്യ രാജ്യങ്ങൾ ഇപ്പോഴും വംശീയത, സ്വവർഗ്ഗരതിയോടും ട്രാൻസ് ജെന്ഡറുകളോടുമുള്ള അസഹിഷ്ണുത, മതപരമായ അസഹിഷ്ണുത തുടങ്ങിയ വെല്ലുവിളികളോട് കലഹിക്കുകയാണ്.


ആഗോള അസമത്വങ്ങൾ എല്ലാവരെയും ബാധിക്കുന്നുണ്ട്. അവിടെ, നമ്മൾ എവിടെ നിന്നാണ്, ആരാണ് എന്നതൊന്നും ബാധകമാകുന്നില്ല.


Can we achieve equality for everyone? (എല്ലാവർക്കും തുല്യത കൈവരിക്കാൻ കഴിയുമോ?)


എല്ലാവർക്കും അഭിമാനത്തോടെയുള്ള ഒരു ജീവിതം ഉറപ്പുവരുത്താൻ നമുക്ക് കഴിയും, കഴിയണം. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തുകയും സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ എല്ലാവരെയും ഉൾകൊള്ളുന്നതാവുകയും ചെയ്യണം.


What can we do? (നമുക്ക് എന്ത് ചെയ്യാൻ പറ്റും)


അസമത്വം കുറയ്ക്കുന്നതിന് പരിവർത്തനാത്മകമായ മാറ്റങ്ങൾ അനിവാര്യമാണ്. കടുത്ത ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കുന്നതിനും യുവാക്കൾക്കും കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും മറ്റ് ദുർബല സമൂഹങ്ങൾക്കും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സംരക്ഷണം, മാന്യമായ തൊഴിൽ എന്നിവ ലഭ്യമാക്കാനും കൂടുതൽ പരിശ്രമങ്ങൾ ആവശ്യമാണ്.


രാജ്യങ്ങൾക്കുള്ളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള സാമൂഹിക സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കണം. വിവേചനപരമായ നിയമങ്ങളും നയങ്ങളും നമ്മൾ ഒഴിവാക്കുകയാണെങ്കിൽ മാത്രമേ വരുമാനത്തിലെ അസമത്വം നീക്കാനും, എല്ലാവർക്കും തുല്യ അവസരം നൽകാനും സാധിക്കുകയുള്ളൂ.


അന്താരാഷ്ട്ര തലത്തിൽ, ആഗോള പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കുമ്പോൾ വികസ്വര രാജ്യങ്ങൾക്ക് മികച്ച പ്രാതിനിധ്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. അത് പരിഹാരങ്ങൾ കൂടുതൽ ഫലപ്രദവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമാക്കാൻ സഹായിക്കും. 


യുദ്ധവും വിവേചനവും ദാരിദ്ര്യവും കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച ദശലക്ഷക്കണക്കിന് മനുഷ്യർക്ക് വേണ്ടി, കൃത്യവും ആസൂത്രിതവുമായ നയങ്ങളിലൂടെ, സുരക്ഷിതവും ഉത്തരവാദിത്വമുളളതുമായ കുടിയേറ്റം ഗവൺമെന്റിനും മറ്റു അധികാരികൾക്കും പ്രോത്സാഹിപ്പിക്കാം.

bottom of page