top of page

Goal 14: Life below water

ലക്ഷ്യം 14

വെള്ളത്തിന് താഴെയുള്ള ജീവിതം

വെള്ളത്തിന് താഴെയുള്ള ജീവിതം

ലക്ഷ്യം 14: ലോകത്തിലെ സമുദ്രത്തെയും, കടലിനെയും, സമുദ്ര വിഭവങ്ങളെയും സംരക്ഷിക്കുകയും ഉപയോഗം സുസ്ഥിരമാക്കുകയും ചെയ്യുക

ഭൂമിയെ ജീവിക്കാൻ പറ്റുന്ന ഇടമായി മാറ്റുന്നതിൽ സമുദ്രങ്ങളുടെ പങ്ക് വളരെ വലുതാണ്. നാം ശ്വസിക്കുന്ന ഓക്സിജൻ, നമ്മുടെ മഴവെള്ളം, കുടിവെള്ളം, കാലാവസ്ഥ, തീരപ്രദേശങ്ങൾ എന്നിവ കൂടാതെ നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും നൽകുന്നതോ നിയന്ത്രിക്കുന്നതോ ആത്യന്തികമായി സമുദ്രങ്ങളാണ്.


സുസ്ഥിരമായ ഒരു ഭാവിക്ക് നമ്മുടെ മുഖ്യ സ്രോതസുകളിൽ ഒന്നായ കടലിന്റെ ശരിയായ ഉപയോഗവും സംരക്ഷണവും വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ സമുദ്ര ജലം വലിയ തോതിൽ മലിനീകരിക്കപ്പെടുന്നുണ്ട്. വർധിച്ച മലിനീകരണവും സമുദ്രത്തിലെ അമ്ലീകരണവും ആവാസവ്യവസ്ഥയുടെയും ജൈവവൈവിധ്യത്തിന്റെയും തുലനാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, ചെറുകിട മത്സ്യബന്ധനത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.


സമുദ്രങ്ങളുടെ സംരക്ഷണത്തിന് നമ്മൾ അർഹിക്കുന്ന പ്രാധാന്യം നൽകേണ്ടതുണ്ട്. സമുദ്രവുമായി ബന്ധപ്പെട്ട ജൈവവൈവിധ്യം മനുഷ്യരുടെയും ഭൂമിയുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.

സമുദ്ര ജൈവവൈവിധ്യം മനുഷ്യരുടെയും നമ്മുടെ ഗ്രഹത്തിന്റെയും ആരോഗ്യത്തിന് നിർണായകമാണ്. സമുദ്രവുമായി ബന്ധപ്പെട്ട സംരക്ഷിത പ്രദേശങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നകയും വിഭവസമാഹരണം നടത്തുകയും ചെയ്യുന്നതോടൊപ്പം അമിത മത്സ്യബന്ധനം, സമുദ്ര മലിനീകരണം, സമുദ്രത്തിലെ അമ്ലീകരണം എന്നിവ കുറയ്ക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം.


വെള്ളത്തിന് താഴെയുള്ള ജീവിതം എത്രമാത്രം പ്രധാന്യമർഹിക്കുന്നു



What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്) 


ലോകത്തിലെ സമുദ്രത്തെയും, കടലിനെയും, സമുദ്ര വിഭവങ്ങളെയും സംരക്ഷിക്കുകയും ഉപയോഗം സുസ്ഥിരമാക്കുകയും ചെയ്യുക


Why? (എന്തിനു വേണ്ടി?)


ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിലും കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിലും സമുദ്രത്തിന് വലിയ പങ്കുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയും ദശലക്ഷക്കണക്കിന് ജീവികളുടെ വീടുമാണ് സമുദ്രം. ശാസ്ത്രീയമായ ഒരുപാട് പഠനങ്ങൾക്ക് വലിയ സാധ്യതകളും സമുദ്രം പ്രധാനം ചെയ്യുന്നുണ്ട്.


ലോകമെമ്പാടുമുള്ള മനുഷ്യരുടെ സാമ്പത്തിക, സാമൂഹിക പാരിസ്ഥിതിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സമുദ്രത്തിനും മത്സ്യബന്ധനത്തിനും വലിയ പങ്കുണ്ട്. ദശാബ്ദങ്ങളയുള്ള മനുഷ്യന്റെ അനിയന്ത്രിതവും നിരുത്തരവാദിത്വവുമായ ചൂഷണം സമുദ്രങ്ങളുടെ നാശത്തിന്റെ വേഗത വർധിപ്പിക്കുന്നതിന് കാരണമായി.

സമുദ്ര ആവാസ വ്യവസ്ഥകളുടെയും ചെറുകിട മത്സ്യബന്ധനത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയും അതോടൊപ്പം സമുദ്രശാസ്ത്ര പഠനങ്ങളുടെ വളർച്ചയ്ക്ക് വേണ്ടിയും നാം നടത്തുന്ന നിക്ഷേപം ഇത്രയും വിശാലവും ദുർബലവുമായ സമുദ്ര സമ്പത്തിന്റെ ശരിയായ സംരക്ഷണത്തിന് അപര്യാപ്തമാണ്.


കോവിഡ് മഹാമാരിയുടെ ദുരന്തങ്ങൾക്കിടയിലും സമുദ്ര വിഭവങ്ങളുടെ ഉപയോഗം കുറഞ്ഞത് സമുദ്രങ്ങൾക്ക് ഗുണകരമായി എന്ന് അനുമാനിക്കാം. സുസ്ഥിരമായ വീണ്ടെടുപ്പിനുള്ള പാതയൊരുക്കാനുള്ള ഒരു അവസരമാകുന്നതോടൊപ്പം പരിസ്ഥിതിയോടിണങ്ങിയ തൊഴിൽ മാർഗങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകരമാണ്.


So what’s the problem? (അപ്പോൾ എന്താണ് പ്രശ്നം?)


മനുഷ്യരുടെ വിവിധ പ്രവർത്തികൾ മൂലം പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 23% സമുദ്രങ്ങൾ ആഗിരണം ചെയ്യുകയും കാലാവസ്ഥ വ്യത്യാനത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.

അന്തരീക്ഷതാപനിലയുടെ 90%ത്തിൽ അധികവും വലിച്ചെടുക്കുന്നത് സമുദ്രങ്ങളാണ്. അന്തരീക്ഷതാപം വർധിക്കുന്നതിനനുസരിച്ച് കടൽ ജലത്തിന്റെ ചൂട് കൂടുന്നത് കടലിലെ ആവാസവ്യവസ്ഥയെ അപായപ്പെടുത്തുകയും, വൻ തോതിൽ പവിഴ പുറ്റുകളുടെ നാശത്തിനു കാരണമാകുകയും ചെയ്യുന്നു.


ലോകസമുദ്രങ്ങളിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുന്നത് വലിയ തോതിൽ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പ്രതിവർഷം കടലിലേക്ക് പുറന്തള്ളുന്നത് 5 മുതൽ 12 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിനും മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ നഷ്ടവും കണക്കാക്കിയാൽ അത് പ്രതിവർഷം ഏകദേശം 3 ബില്യൺ ഡോളറാണ്. സമുദ്രോപരിതലത്തിൽ കാണുന്ന 89% പ്ലാസ്റ്റിക് ബാഗുകളും ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്നവയാണ്.


ലോകടൂറിസത്തിന്റെ 80% കടൽതീരങ്ങളെയും തീരദേശ നഗരങ്ങളെയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. തീരദേശ ടൂറിസത്തിന്റെ വളർച്ച പ്രതിവർഷത്തിൽ 134 ബില്യൺ ഡോളറാണ്, ചില രാജ്യങ്ങളിൽ മൂന്നിലൊരു ഭാഗം തൊഴിലും ടൂറിസവുമായി ബന്ധപ്പെട്ടതാണ്.

ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ, വിനോദസഞ്ചാരം ബന്ധപ്പെട്ട പ്രകൃതി വിഭവങ്ങൾക്കും, പ്രാദേശിക സംസ്കാരത്തിനും വ്യവസായത്തിനും വലിയ ഭീഷണി ഉയർത്തും.


How is the ocean connected to our health? (സമുദ്രം എങ്ങനെയാണ് നമ്മുടെ ആരോഗ്യവുമായി ബന്ധപെട്ടിരിക്കുന്നത്?)


സമുദ്രത്തിന്റെയും മനുഷ്യരുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. യൂനെസ്കോയുടെ കണക്കുകൾ പ്രകാരം കോവിഡ് 19 പ്രതിരോധത്തിൽ സമുദ്രങ്ങൾക്ക് പങ്കുണ്ട്. കോവിഡ് ടെസ്റ്റിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നിർമ്മിക്കുന്നതിന് ആഴക്കടലിലെ പ്രത്യേകതരം ബാക്റ്റീരിയകളെ ഉപയോഗിക്കാവുന്നതാണ്. സമുദ്രത്തിലെ വിവിധതരം ജീവികൾ മരുന്ന് വ്യവസായത്തിന് വളരെ സഹായകമാണ്.


അതുകൂടാതെ, സമുദ്ര മത്സ്യബന്ധനം ആഗോളവ്യാപകമായി 57 മില്യൺ ആളുകൾക്ക് ജോലി നൽകുന്നു. കൂടാതെ, വികസ്വര രാജ്യങ്ങളിലെ 50% ജനങ്ങളുടെ പ്രാഥമിക പ്രോട്ടീന്റെ സ്രോതസ്സ് കൂടിയാണ് സമുദ്രം.


So what can we do? (അപ്പോൾ നമുക്ക് എന്ത് ചെയ്യാൻ കഴിയും?)


സമുദ്രങ്ങളുടെയും ആഴക്കടലിന്റെയും കാര്യത്തിൽ സുസ്ഥിരത കൈവരിക്കാൻ അന്താരാഷ്ട്രതലത്തിലുള്ള കൂട്ടായ്മയകളുടെ സഹകരണം വളരെ പ്രധാനപ്പെട്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മത്സ്യബന്ധന വ്യവസായത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനുമായി സർക്കാർ സംരക്ഷിത പ്രദേശങ്ങളിൽ സമഗ്രവും ഫലപ്രദവും നീതിപൂർവകവുമായ മാനേജ്മെന്റ് സംവിധാനങ്ങൾ സ്ഥാപിക്കണം. 


പ്രാദേശിക തലത്തിൽ, ഉൽപന്നങ്ങൾ വാങ്ങുമ്പോഴോ സമുദ്രങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഭക്ഷണം കഴിക്കുമ്പോഴോ നാം സമുദ്രസൗഹൃദ തിരഞ്ഞെടുപ്പുകൾ നടത്തുകയും നമുക്ക് ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുകയും ചെയ്യണം.


പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കി ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. ഏറ്റവും പ്രധാനമായി, സമുദ്രജീവൻ എത്ര മാത്രം പ്രധാനമാണെന്നും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.


bottom of page