കരയിലെ ജീവിതം
ലക്ഷ്യം 15: വനങ്ങളെ സുസ്ഥിരമായി കൈകാര്യം ചെയ്യുക, മരുഭൂവൽക്കരണം തടയുക, ഭൂമിയുടെ ശോഷണം തടയുകയും വീണ്ടെടുക്കുകയും ചെയ്യുക, ജൈവവൈവിധ്യ നഷ്ടം തടയുക.
നമ്മുടെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് പ്രകൃതി. നമുക്ക് ഓക്സിജൻ നൽകുന്നതിലും കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും വിളകൾക്കിടയിൽ പരാഗണം നടത്തുവാനും നമുക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിക്കുന്നതിലും ഓക്സിജൻ ഒഴിച്ചു കൂടാനാവാത്ത പങ്കുവഹിക്കുന്നു.
എന്നാൽ ഇന്ന് പ്രകൃതിയുടെ അവസ്ഥ അതീവ ഗുരുതരമാണ്. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിയുടെ ഉപരിതലത്തിന്റെ 75 ശതമാനം സ്ഥലങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുകയും ഭാഗികമായോ മുഴുവനായോ ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
2019-ലെ ജൈവവൈവിധ്യത്തെയും ആവാസ വ്യവസ്ഥയുടെ സേവനങ്ങളെയും കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം, ഏകദേശം ഒരു ദശലക്ഷം മൃഗങ്ങളും സസ്യജാലങ്ങളും വംശനാശഭീഷണിയിലാണ്. നമ്മളും അതോടൊപ്പം മറ്റെല്ലാ ജീവജാലങ്ങളും ആശ്രയിക്കുന്ന ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ എന്നത്തേക്കാളും വേഗത്തിൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പറയപ്പെടുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥ, ഉപജീവനമാർഗങ്ങൾ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, ജീവിത നിലവാരം എന്നിവയുടെ അടിത്തറയെ തന്നെ ബാധിക്കുന്നു.
മനുഷ്യന്റെ പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും സൃഷ്‌ടിക്കുന്ന വനനശീകരണവും മരുഭൂകരണവും സുസ്ഥിര വികസനത്തിന് വലിയ വെല്ലുവിളികൾ ഉയർത്തുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുകയും ചെയ്യുന്നു.
ഭൂമിയിലെ ജീവൻ നിലനിർത്തുന്നതിന് വനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കൂടതെ, വനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വേണ്ടി ഭൂമിയുടെ പുനരുദ്ധാരണത്തിൽ നിക്ഷേപങ്ങൾ നടത്തേണ്ടത് നിർണായകമാണ്.
മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ പകരുന്ന രോഗങ്ങളുടെ ആവിർഭാവം നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കൂടി ആശ്രയിച്ചിരിക്കുന്നു.
ദുർബലമായ ആവാസവ്യവസ്ഥകളിൽ നമ്മൾ അശാസ്ത്രീയമായ ഇടപെടലുകൾ നടത്തുമ്പോൾ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സമ്പർക്കം കൂടുകയും വന്യജീവികളിലെ രോഗാണുക്കൾ കന്നുകാലികളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.
കരയിലെ ജീവിതം എത്രമാത്രം പ്രധാന്യമർഹിക്കുന്നു
What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)
വനങ്ങളെ സുസ്ഥിരമായി കൈകാര്യം ചെയ്യുക, മരുഭൂവൽക്കരണം തടയുക, ഭൂമിയുടെ ശോഷണം തടയുകയും വീണ്ടെടുക്കുകയും ചെയ്യുക, ജൈവവൈവിധ്യ നഷ്ടം തടയുക.
Why? (എന്തിനു വേണ്ടി?)
ഭൂമിയുടെ 31 ശതമാനം വനങ്ങളാണ്. കാടുകളും അവയോട് ചേർന്നുള്ള ആവാസവ്യവസ്ഥയും നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെയും ശ്വസിക്കുന്ന വായുവിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും ലഭ്യതയ്ക്ക് അത്യന്താപേക്ഷിതമാണ്.
80 ശതമാനത്തിലധികം മൃഗങ്ങൾ, സസ്യങ്ങൾ, പ്രാണികൾ എന്നിവയെ ഉൾക്കൊള്ളുന്നത് വനങ്ങളാണ്.
പക്ഷേ, സമകാലിക സാഹചര്യത്തിൽ മനുഷ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ജൈവവൈവിധ്യം നശിക്കുകയും കുറയുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ ഭൂമിയുടെ അഞ്ചിലൊരു ഭാഗം-അതായത് 2 ബില്യൺ ഹെക്ടറിൽ അധികം സ്ഥലം-ജൈവവൈവിധ്യത്തിന് അനുകൂലമല്ലാതായി മാറിയിട്ടുണ്ട്. ഇത് ഇന്ത്യയുടെയും റഷ്യൻ ഫെഡറേഷന്റെയും വിസ്‌തൃതി കൂടിച്ചേർന്നാൽ എത്രയാണോ അത്രത്തോളം വരും. ഭൂമിയുടെ തകർച്ച ഏകദേശം 3.2 ബില്യൺ ആളുകളുടെ ക്ഷേമത്തെ ബാധിക്കുന്നു.
അതോടൊപ്പം ജീവിവർഗങ്ങളെ വംശനാശത്തിലേക്ക് നയിക്കുകയും കാലാവസ്ഥാ വ്യതിയാനം തീവ്രമാക്കുകയും ചെയ്യുന്നു.
ജൈവവൈവിധ്യവും ബന്ധപ്പെട്ട ആവാസവ്യവസ്ഥയും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മാറ്റങ്ങളെ ഉൾകൊള്ളാൻ ആളുകളെ സഹായിക്കാനും ദുരന്തസാധ്യത കുറയ്ക്കുന്നതിനുമുള്ള അടിസ്ഥാന ആവശ്യമാണ്.
What does loss of forests mean? (വനനഷ്ടം എന്താണ് അർത്ഥമാക്കുന്നത്?)
ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ഉപജീവനമാർഗങ്ങളുടെ തകർച്ച, വർദ്ധിച്ച കാർബൺ ഉദ്‌വമനം, കുറയുന്ന ജൈവവൈവിധ്യം, ഭൂമിയുടെ തകർച്ച എന്നീ പ്രശ്‌നങ്ങൾ വനങ്ങളുടെ വിസ്‌തൃതി കുറയുന്നതിന്റെ പ്രത്യാഘാതങ്ങളാണ്.
വനനഷ്ടം ഉയർന്ന നിലയിലാണെങ്കിലും, 2020-ലെ കണക്കുകൾ കാണിക്കുന്നത് സംരക്ഷിത പ്രദേശങ്ങളിലുള്ള വനങ്ങളുടെയും ആഗോള തലത്തിൽ ദീർഘകാല മാനേജ്മെന്റ് പ്ലാനുകൾക്ക് കീഴിലുള്ള വനങ്ങളുടെയും അനുപാതം വർധിക്കുകയോ സ്ഥിരമായി തുടരുകയോ ചെയ്യുന്നു എന്നാണ്.
ജീവിവർഗങ്ങളുടെ(സ്പീഷീസ്) വംശനാശമാണ് പരിസ്ഥിതിയിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണമുണ്ടാകുന്ന പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളിൽ ഒന്ന്. അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ആവാസവ്യവസ്ഥയെ കൂടുതൽ ദുർബലമാക്കുകയും ചെയ്യുന്നു. ജൈവവൈവിധ്യത്തെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ട് പ്രകാരം, ഏകദേശം 10 ലക്ഷം ജന്തു-സസ്യ വർഗ്ഗങ്ങൾ ഇപ്പോൾ വംശനാശഭീഷണിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ജീവികൾ വംശ നാശ ഭീഷണി നേരിടേണ്ടി വരുമെന്നും പ്രസ്‌തുത റിപ്പോർട്ടിൽ പറയുന്നുണ്ട്.
How does it affect our health? (ഇതെങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്?)
അനിമൽ പ്രോട്ടീനിന്റെ വർദ്ധിച്ച ആവശ്യം, തീവ്രവും സുസ്ഥിരമല്ലാത്തതുമായ കൃഷിയുടെ വർദ്ധനവ്, വന്യജീവികളുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും ചൂഷണവും, കാലാവസ്ഥാ പ്രതിസന്ധി എന്നിവയെല്ലാം വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ (സൂനോട്ടിക് രോഗങ്ങൾ) വർദ്ധിച്ചുവരുന്ന ആവിർഭാവത്തിന് കാരണമാകുന്നു. കോവിഡ് 19 അത്തരത്തിലൊരു രോഗമാണ്.
കോവിഡിന് മുൻപ് തന്നെ, ഓരോ വർഷവും, ഏകദേശം രണ്ട് ദശലക്ഷം ആളുകൾ (കൂടുതലും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുള്ളവർ) വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ മൂലം മരിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള രോഗങ്ങൾ കാരണം കന്നുകാലികളിൽ കടുത്ത രോഗത്തിനും മരണത്തിനും ഉൽപാദന നഷ്ടത്തിനും കാരണമാകുകയും, വികസ്വര രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ചെറുകിട കർഷകരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ മാത്രം, സൂനോട്ടിക് രോഗങ്ങൾ 100 ബില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി മൂലമുള്ള അധിക ചിലവ് കൂടി ചേർത്താൽ അത് 9 ട്രില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
What can we do? (നമുക്ക് എന്ത് ചെയ്യാൻ കഴിയും?)
പാഴ്‌വസ്‌തുക്കളില്‍ നിന്ന് പുനരുത്‌പാദനം നടത്തുക, സുസ്ഥിരമായതും പ്രാദേശികമായി ലഭിക്കുന്നതുമായ ആഹാര സാധങ്ങൾ ഉപയോഗിക്കുക, ആവശ്യമുള്ളത് മാത്രം കഴിക്കുക തുടങ്ങിയ കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്.
വന്യ ജീവികളെ ബഹുമാനിക്കുകയും ഉത്തരവാദിത്തത്തോടെയും ധാർമ്മികതയോടെയും നടത്തുന്ന ഇക്കോടൂറിസത്തിൽ മാത്രം പങ്കു ചേരാൻ ശ്രദ്ധിക്കുകയും വേണം.
നന്നായി കൈകാര്യം ചെയ്യപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾ ആവാസവ്യവസ്ഥയെ നിലനിർത്തുകയും മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുകയും ചെയ്യുന്നു. അതിനാൽ സംരക്ഷിത പ്രദേശങ്ങളുടെ വികസനത്തിലും മാനേജ്മെന്റിലും പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.